തിങ്കത്തോണിന്റെ പശ്ചാത്തലം

നമ്മുടെ ചുറ്റുമുള്ള ലോകം ഒരു സാങ്കേതികവിപ്ലവത്തിൻ്റെ നടുവിലാണ് എന്ന കാര്യം നിങ്ങൾക്കറിയുമല്ലോ. ഇൻ്റർനെറ്റും അനുബന്ധസാങ്കേതികതകളും രണ്ടായിരാമാണ്ടിൻ്റെ തുടക്കത്തിൽ തുറന്നു വിട്ട ഒരു സാങ്കേതികകൊടുങ്കാറ്റ് നമ്മുടെ ചുറ്റുമുള്ള ലോകത്തെ അതിവേഗത്തിൽ മാറ്റിക്കൊണ്ടിരിക്കുകയാണ്. 

ഏതാണ്ട് എല്ലാ ജീവിതമേഖലകളിലും ഈ മാറ്റത്തിൻ്റെ പ്രതിഫലനങ്ങളുണ്ട്. വ്യക്തിജീവിതത്തിൻ്റെ വിശദാംശങ്ങൾ തൊട്ട് സാമൂഹ്യഘടനകൾ വരെ, തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ മാറിക്കൊണ്ടേയിരിക്കുന്നു.

ആശയവിനിമയം, ഭരണനിർവ്വഹണം, ആരോഗ്യമേഖല, കാർഷികമേഖല, തൊഴിൽ മേഖല, ഭാഷ, സംസ്കാരം, ഊർജ്ജമേഖല, വിദ്യാഭ്യാസം, വ്യാവസായികഉല്പാദനം, വ്യാപാരം, ഗതാഗതം, ചരക്കുനീക്കം, രാഷ്ട്രീയം, ശാസ്ത്രഗവേഷണം, നീതിന്യായവ്യവസ്ഥ, കാലാവസ്ഥ, പരിസ്ഥിതി, നിർമ്മാണമേഖല  അങ്ങനെ മനുഷ്യജീവിതത്തെ ബാധിക്കുന്ന എല്ലാ തലങ്ങളിലും ഈ മാറ്റം സംഭവിക്കുന്നുണ്ട്. 

ഇത് കേവലം ഒന്നോ രണ്ടോ സാങ്കേതികവിദ്യയുടെ പ്രവർത്തനഫലമായി ഉണ്ടാവുന്നതല്ല. പരസ്പരം സംസാരിക്കുന്ന, ഇടപെടുന്ന അനേകമനേകം സാങ്കേതികവിദ്യകൾ ഈ കാലയളവിൽ പുതുതായി രൂപംകൊള്ളുകയും അവ അതിവേഗത്തിൽ വികാസം പ്രാപിക്കുകയും ചെയ്യുന്നു. ഇങ്ങനെ രൂപംകൊള്ളുന്ന നവസാങ്കേതികവിദ്യകൾ ചിലതൊക്കെ വീണ്ടും പലതായി വളർന്നുമാറുകയും പുതിയ സാങ്കേതികതകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു മുൻപ് പുതിയ സാങ്കേതികവിദ്യകൾ രൂപംകൊള്ളാനും വികാസം പ്രാപിക്കാനും ദശകങ്ങളും നൂറ്റാണ്ടുകളും, ചിലതിനൊക്കെ സഹസ്രാബ്ദങ്ങളും വേണ്ടിവന്നിരുന്ന സ്ഥലത്ത് ഇന്ന് ഈ പ്രവർത്തനങ്ങൾ മാസങ്ങളും ദിവസങ്ങളും കൊണ്ടാണ് സംഭവിക്കുന്നത്. ഓരോ നിമിഷവും ഓരോ പുതിയ മുന്നേറ്റങ്ങൾ (breakthrough) നടക്കുന്നുണ്ട്. 

ഇത്തരത്തിൽ പ്രസക്തമായി നിലനിൽക്കുന്ന ചില സാങ്കേതികവിദ്യകൾ താഴെ ലിസ്റ്റ് ചെയ്യുന്നു. 

 1. നിർമ്മിതബുദ്ധി (Artificial Intelligence)
 2. ഡാറ്റ സയൻസ്
 3. മെഷീൻ ലേണിങ്ങ്
 4. ഡീപ് ലേണിങ്ങ്
 5. ക്ലൗഡ് കമ്പ്യൂട്ടിങ്ങ്
 6. മൊബൈൽ സാങ്കേതികതകൾ
 7. വസ്തുക്കളുടെ ഇൻ്റർനെറ്റ് (Internet of Things)
 8. റോബോട്ടിക്സ്
 9. 3-ഡി പ്രിൻ്റിങ്ങ്, 4-ഡി പ്രിൻ്റിങ്ങ്
 10. ബ്ലോക്ക്ചെയിൻ, ക്രിപ്റ്റോസാങ്കേതികത, ഡിജിറ്റൽ കറൻസി
 11. നാനോടെക്നോളജി
 12. വെർച്വൽ റിയാലിറ്റി, ഓഗ്മെൻ്റഡ് റിയാലിറ്റി & ബ്രയിൻ-കമ്പ്യൂട്ടർ ഇൻ്റർഫേസുകൾ
 13. മെറ്റവേഴ്സ്
 14. ബിഗ് ഡാറ്റ, ഓപ്പൺ ഡാറ്റ
 15. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ
 16. 5 ജി & 6 ജി
 17. ബയോടെക്നോളജി
 18. പുതിയ നിർമ്മാണ വസ്‌തുക്കള്‍ (New Materials), നവഫാഷൻ സാങ്കേതികതകൾ
 19. ബാറ്ററി സാങ്കേതികതകൾ, ബാറ്ററികേന്ദ്രിത നിർമ്മാണമേഖല
 20. ക്ലീൻ എനർജി സാങ്കേതികതകൾ
 21. പുതിയ ഭക്ഷ്യസംസ്കരണ സാങ്കേതികതകൾ
 22. സപ്ലൈചെയിൻ ഇൻ്റലിജൻസ്
 23. പ്രിസിഷൻ മെഡിസിൻ
 24. ജീനോം എഞ്ചിനീയറിങ്ങ്
 25. ക്വാണ്ടം കമ്പ്യൂട്ടിങ്ങ് & ക്വാണ്ടം ഇൻ്റർനെറ്റ്
 26. ഭാഷാകമ്പ്യൂട്ടിങ്ങ്, ടെക്സ്റ്റ് , ഇമേജ് & വോയ്സ് പ്രോസസിങ്ങ്
 27. എഡ്-ടെക് (വിദ്യാഭ്യാസസാങ്കേതികതകൾ)
 28. ഫിൻടെക് (സാമ്പത്തികസാങ്കേതികതകൾ)
 29. ടെലിമെഡിസിൻ
 30. റിമോട്ട് സെൻസിങ്ങ് ഡാറ്റ സ്ട്രീമുകൾ
 31. ജീനോമിക്സ്
 32. ഇൻ്റലിജൻ്റ് ഗവണ്മെൻ്റ്

(ഇത് പരിപൂർണ്ണമായതോ ഏതെങ്കിലും തരത്തിൽ ക്രമീകരിക്കപ്പെട്ടതോ ആയ ലിസ്റ്റല്ല. ഇതിൽ പറയാത്ത ഒട്ടനവധി പുതുസാങ്കേതികതകളുണ്ട്. ഇതിൽ പറഞ്ഞിരിക്കുന്ന പല സാങ്കേതികതകളും പരസ്പരം ബന്ധപ്പെട്ടവയുമാണ്. )

എന്താണ് പ്രശ്നമെന്നു വച്ചാൽ ഈ സാങ്കേതികതകളുടെ ഉയിർപ്പിൻ്റെ വേഗതയ്ക്കൊത്ത് നമ്മുടെ സാമൂഹ്യഘടനകൾക്ക് മാറാൻ കഴിയില്ല. നമ്മുടെ നയ-നിയമ-ഭരണ വ്യവസ്ഥകളെല്ലാം തന്നെ പഴയകാല സാങ്കേതികലോകത്തിനു വേണ്ടി തയ്യാറാക്കിയവയും അവയുടെ നിയന്ത്രണത്തിൽ നിലനിന്നു പോകുന്നവയുമാണ്. അതിവേഗത്തിലൊരു മാറ്റം അവയെ ഒന്നുകിൽ കടപുഴക്കിക്കളയും, അല്ലെങ്കിൽ മാറ്റത്തിനെ പ്രതിരോധിച്ച് അവ അപ്രസക്തമാക്കപ്പെട്ടു പോകും.  

ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം. 

 1. പുതിയ സാങ്കേതികവിദ്യകൾ ഏറ്റവും തീവ്രമായ മാറ്റം കൊണ്ടുവരുന്ന ഒരു മേഖല തൊഴിൽമേഖലയാണ്.  നിലനിൽക്കുന്ന വലിയൊരു ശതമാനം തൊഴിലുകൾ വളരെപ്പെട്ടെന്ന് തന്നെ അപ്രസക്തമാക്കപ്പെടുകയോ, അല്ലെങ്കിൽ പുതിയ ശേഷികൾ വേണ്ടി വരുന്ന രീതിയിൽ പുനർക്രമീകരിക്കപ്പെടുകയോ ചെയ്യും. സാധാരണമനുഷ്യർ ഇടപെടുന്ന ചില തരം ജോലികൾ (ക്ലെറിക്കൽ, അഡ്മിനിസ്ട്രേറ്റീവ്, മറ്റ് ആവർത്തകമായ തൊഴിലുകൾ ഒക്കെ) സമീപഭാവിയിൽ പൂർണ്ണമായും യന്ത്രവൽകൃതമാക്കപ്പെടും. ഈ സാഹചര്യം വലിയരീതിയിലെ തൊഴിൽനഷ്ടങ്ങൾക്കും, സാമൂഹ്യാസമത്വങ്ങൾക്കും കാരണമാക്കപ്പെടും. ഈ സാഹചര്യത്തിനെ നേരിടാൻ നമ്മുടെ തൊഴിൽനയങ്ങളും നിയമങ്ങളും സാമൂഹ്യജീവിതവും തയ്യാറാക്കപ്പെട്ടിട്ടുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. 
 2. പുതിയ സാങ്കേതികവിദ്യകൾ അസാമാന്യമായ സാധ്യതകൾ മുന്നോട്ടുവയ്ക്കുന്ന ഒരു സാഹചര്യം ഇപ്പോൾ തന്നെ നിലവിലുണ്ട്. ഈ സാധ്യതകളെ വേണ്ടയിടത്ത്  ഉപയോഗപ്പെടുത്തുക എന്നത് ഒരു സമൂഹം എന്ന നിലയ്ക്ക് നമ്മുടെ വളർച്ചയ്ക്കും നിലനിൽപ്പിനും ആവശ്യമാണ്. ഈ കാര്യങ്ങൾ നമ്മുടെ പ്ലാനിങ്ങ് സെഷനുകളിൽ ചർച്ചചെയ്യപ്പെടാറുണ്ടോ? അങ്ങനെ ചർച്ചചെയ്യപ്പെടാനും അതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കാനും പാകത്തിൽ നമ്മുടെ ഭരണനിർവ്വഹണവ്യൂഹങ്ങളും ചട്ടങ്ങളും രൂപപ്പെട്ടിട്ടുണ്ടോ? എത്രത്തോളം agile ആയ ഒരു സംവിധാനം ആണ് നമുക്കുള്ളത്?
 3. പുതിയ സാങ്കേതിക വിദ്യകൾ സാധ്യതകൾക്ക് ഒപ്പം തന്നെ മുന്നോട്ടു വയ്ക്കുന്ന മറ്റൊരു കാര്യം അതിതീവ്രമായ അപരവൽക്കരണമാണ്. പുതിയ സാങ്കേതികവിദ്യകൾക്കൊത്ത് മാറാൻ കഴിയാത്ത വ്യക്തികളും സമൂഹങ്ങളും ഡിജിറ്റൽ ഭിന്നശേഷിയുള്ളവരായി മാറും എന്നത് നമ്മൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇതിൻ്റെ തുടർച്ചയായാണ് ഡിജിറ്റൽ സാക്ഷരത ഒരു മുൻഗണനയായി സർക്കാർ പോലും മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ വളരെ തൊലിപ്പുറത്തുള്ള സാങ്കേതികസാക്ഷരത കൊണ്ട് നമ്മുടെ പ്രശ്നങ്ങളെ പരിഹരിക്കാനാവുമോ? ഇല്ല. ഇതിനായി വേണ്ട സാമൂഹ്യപരിരക്ഷാ ഉപാധികളും, അടിസ്ഥാനസൗകര്യങ്ങളും, നിയമവ്യവസ്ഥകളും നമുക്ക് തയ്യാറാക്കേണ്ടതുണ്ട്. അത്തരം ചർച്ചകൾ നമ്മൾ ഇതു വരെ നടത്തിയിട്ടുണ്ടോ? വളരെ കുറവാണ് എന്നത് വ്യക്തമാണ്
 4. സാങ്കേതികവിദ്യ എല്ലാ പ്രശ്നങ്ങൾക്കും ഒരൊറ്റമൂലിയാണ് എന്ന ആശയം (Technological solutionism) ഒരു വലിയ മിത്താണ്. സാങ്കേതികവിദ്യ ഒരു സഹായി (helper) അല്ലെങ്കിൽ നിർവ്വാഹകപങ്കാളി (facilitator) അല്ലെങ്കിൽ മാറ്റത്തിനുള്ള പങ്കാളി (Change partner) എന്ന സ്വരൂപങ്ങളിലാണ് നിലനിൽക്കുന്നത്. ഇവയിലേതായാലും, സാമൂഹ്യമാറ്റത്തിനെ പറ്റിയുള്ള ചർച്ചകൾ സാങ്കേതികവിദഗ്ദ്ധർ മാത്രമോ, അല്ലെങ്കിൽ അവരില്ലാതെ, മറ്റ് ഉപയോക്താക്കൾ മാത്രമോ നടത്തിയിട്ട് കാര്യമില്ല. ഏതൊരു സാമൂഹ്യചലനത്തെപ്പറ്റിയും സംസാരിക്കുന്നിടത്ത് നയരൂപീകർത്താക്കളും, നടത്തിപ്പുകാരും, സാങ്കേതികവിദഗ്ദ്ധരും, അടിസ്ഥാനജനതയുടെ പ്രതിനിധികളും ഉണ്ടാവണം. ഈ ഫോർമാറ്റ് നമ്മുടെ നയരൂപീകരണ രംഗത്ത് ഇപ്പോഴും സ്വാംശീകരിച്ചു കാണുന്നില്ല. അത് ഒട്ടനവധി നിർവ്വഹണന്യൂനതകൾക്ക് കാരണമായി തീരാറുണ്ട്. 

ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ, സംശയങ്ങൾ ഒക്കെ നമ്മൾ ഉയർത്തുകയും പരിഗണിക്കുകയും ചെയ്യേണ്ടതുണ്ട്. ഇവിടെയാണ് ഈ തിങ്കത്തോൺ പ്രസക്തമാവുന്നത്.